ബൈജുവിന്‍റെ ആഡംബര കാർ കേരളത്തിൽ ഓടുന്നത് ചട്ടങ്ങള്‍ പാലിക്കാതെ
തിരുവനന്തപുരത്ത് ഇന്നലെ അപകടമുണ്ടാക്കിയ നടൻ ബൈജുവിന്‍റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്തിൽ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഈ കാർ കേരളത്തിൽ ഓടിക്കാനുള്ള എൻ.ഒ.സി. ഹാജരാക്കിയില്ല, റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല.
ഇതിനെല്ലാം പുറമെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്. നടന്‍ ബൈജുവിന്‍റെ ശരിയായ പേര് ബി സന്തോഷ് കുമാർ എന്നാണ്. അപകടത്തിൽപ്പെട്ട ഓഡി കാര്‍ ബൈജു വാങ്ങുന്നത് ഹരിയാനയിലെ വിലാസത്തിലാണ്.
ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 49ല്‍ താമസക്കാരന്‍ എന്നാണ് പരിവാഹന്‍ വെബ്സൈറ്റിലെ ബൈജുവിൻ്റെ വിലാസം. എന്നാൽ ഈ കാര്‍ രണ്ട് ഉടമകള്‍ കൈമറിഞ്ഞാണ് ബൈജുവിന്‍റെ കൈയിലെത്തുന്നത്. 2015 ലാണ് കാര്‍ ആദ്യമായി റോഡിലിറങ്ങുന്നത്.
2022 ല്‍ ഉടമ മറ്റൊരാള്‍ക്ക് കൈമാറി. 2023 ലാണ് കാര്‍ ബൈജുവിന്‍റെ കൈകളിലേക്ക് എത്തുന്നത്. 2023 ഒക്ടോബര്‍ 20ന് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഈ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്യാമറ കണ്ണുകളില്‍പ്പെട്ടിരുന്നു. അന്ന് മുതല്‍ തുടങ്ങുന്നു ബൈജുവിന്‍റെ നിയമലംഘനങ്ങളുടെ പരമ്പരകള്‍.
ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇവിടെ കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ ഓടിക്കുന്നതിന് ഹരിയാന മോട്ടോര്‍ വാഹനവകുപ്പിന്‍റെ എൻ.ഒ.സി. ഹാജരാക്കണം. വാഹനം എത്തിച്ച് 30 ദിവസത്തിനുള്ളില്‍ എൻ.ഒ.സി. ഹാജരാക്കണം എന്നാണ് വ്യവസ്ഥ. ഈ എൻ.ഒ.സി. ഇതുവരെ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, കേരളത്തില്‍ റോഡ് നികുതി അടക്കണം എന്നാണ് നിയമം.
വാഹനത്തിന്‍റെ ആദ്യ ഉടമ 6,28,000 രൂപ 15 വര്‍ഷത്തെ നികുതിയായി അടച്ചിട്ടുണ്ട്. എന്നാൽ പോലും വാഹനത്തിന് ഇനി എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടോ അത്രയും വര്‍ഷത്തെ നികുതി ബൈജു കേരളത്തില്‍ അടച്ചേ പറ്റൂ. കാറിന്‍റെ വിലയുടെ 15 ശതമാനം പ്രതിവര്‍ഷം കണക്കാക്കി അടക്കണം. ഇത് വരെ ഒരു പൈസ പോലും ബൈജുനികുതി അടച്ചിട്ടില്ല.