ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം
പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതിയിൽ ഇടക്കാല മുൻകൂർ ജാമ്യം. കേസ് രജിസ്റ്റർ ചെയ്യാനുള്ള കാലതാമസത്തിന് വിശ്വസനീയ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഒരു ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്.
വിവരങ്ങൾ പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയമുള്ളതിനാലാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നായിരുന്നു നടിയുടെ വിശദീകരണം.
തൊട്ടു പിന്നാലെ നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ ഡിജിപിക്ക് മറ്റൊരു പരാതി നൽകിയിരുന്നു.