ജോയ് മാത്യുവിനെ പരാജയപ്പെടുത്തി; ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്‍റ്
മലയാള സിനിമയിലെ ഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ സ്ഥാനത്തേക്കുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോയ് മാത്യുവിന് പരാജയം . ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു തോല്‍വി ഏറ്റുവാങ്ങിയത്. സാധാരണയുള്ള പതിവു തെറ്റിച്ചു കൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു.
തെരഞ്ഞെടുപ്പിൽ യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെയും ബാലചന്ദ്രൻ ചുള്ളിക്കാട് റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇത്തവണ 50-21 എന്ന മികച്ച മാർജിനിൽ തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു കയറിയത്. സംഘടനയുടെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ആദ്യമായി ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്‌സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്ണൻ തുടരുന്നത്.
പുതിയ പാനലിൽ ഉദയകൃഷ്ണ, ജെസൻ ജോസഫ്. ജോസ് തോമസ്, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് എത്തുന്നവർ.