ബാലചേട്ടൻ തിരിച്ചു വരിക തന്നെ ചെയ്യും; ഇനിയും അഭിനയിക്കണം: അഭിരാമി സുരേഷ്
അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സുരേഷ് അഭിനയവും സംഗീതവും പുറമെ, വ്ലോഗിങ്ങിലും ശ്രദ്ധേയയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഏറ്റവും പുതിയതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കുറിച്ച് അഭിരാമി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിരാമിയുടെ പ്രതികരണം.
അഭിരാമിയുടെ വാക്കുകൾ: “ബാല ചേട്ടൻ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞ സമയം തന്നെ ഞങ്ങൾ അവിടെ എത്തി. ചേച്ചി അപ്പോൾ പുലർച്ചെ ദുബൈയിൽ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ നിൽക്കണ്ട എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്.
പിന്നീട് ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ. ബാല ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നവരിൽ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ”.