മനുഷ്യ വിസർജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയിൽ നിന്നുള്ള ബലൂണുകൾ കണ്ടെത്തി; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

single-img
29 May 2024

ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ സ്വദേശികൾക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. മനുഷ്യ വിസർജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയിൽ നിന്നുള്ള ബലൂണുകൾ കണ്ടെത്തിയതായുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്.

പ്ലാസ്റ്റിക് കവറുകളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.

തകർന്നുവീണ ബലൂണിൽ നിന്ന് മാലിന്യം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. 90ലധികം ബലൂണുകളാണ് ഇത്തരത്തിൽ കണ്ടെത്തിയതെന്നും നിരവധിയെണ്ണം ഇനിയും അന്തരീക്ഷത്തിലുണ്ടെന്നുമാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ ഇന്നല റിപ്പോർട്ട് ചെയ്തത്. ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ദക്ഷിണ കൊറിയൻ മാധ്യമ വാർത്തകൾ. ഇത്തരം ബലൂണുകൾ കണ്ടെത്തിയാൽ സൈന്യത്തെ അറിയിക്കാനാണ് നിർദ്ദേശം.

ഉത്തര കൊറിയയിൽ നിന്നെന്ന് സംശയിക്കുന്ന നിരവധി ബലൂണുകൾ അതിർത്തി പ്രദേശങ്ങളിൽ കണ്ടെത്തിയതായാണ് സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 90ഓളം ബലൂണുകളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യ വിസർജ്യം അടക്കം വിവിധ രീതിയിലുള്ള മാലിന്യങ്ങളാണ് ഇവയിൽ കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

ഞായറാഴ്ച ഉത്തര കൊറിയൻ പ്രതിരോധ മന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിരോധത്തിനായുള്ള ശക്തമായ നടപടിയുണ്ടാവുമെന്നും മാലിന്യ പേപ്പുറുകളും അഴുക്കുമെത്തുമെന്നും മുന്നറിയിപ്പ് ദക്ഷിണ കൊറിയയ്ക്ക് നൽകിയിരുന്നു.

വർഷങ്ങളായി ദക്ഷിണ കൊറിയൻ അവകാശപ്രവർത്തകർ ബലൂണുകളിൽ കൊറിയൻ പോപ് സംഗീതം അടങ്ങിയ പെൻഡ്രൈവുകളും അധികാരികളെ വിമർശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു. സൈനിക നടപടികളേക്കാൾ സുരക്ഷിത മാർഗമെന്ന രീതിയിലായിരുന്നു ഇത്. ആളുകളെ പങ്കെടുപ്പിക്കാതെയുള്ള ഇത്തരം മാർഗങ്ങൾ അതിർത്തിയിലെ സൈനിക നടപടികൾ വേഗത്തിൽ മറികടക്കുമെന്നതായിരുന്നു ഇത്തരം പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കാൻ അവകാശ പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചിരുന്നത്.