2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും: മന്ത്രി ജെ ചിഞ്ചുറാണി
ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തി . 2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 35 സ്‌പോട്ടുകള്‍ വളരെ നിര്‍ണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അല്‍ക്ക ഉപാധ്യായ, ജോയിന്റ് സെക്രട്ടറി സരിത ചൗഹാന്‍, മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. അഭിജിത് മിത്ര എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോഴുള്ള ചെലവ് കുറഞ്ഞ കുട്ടനാടന്‍ പരമ്പരാഗത താറാവ് വളര്‍ത്തല്‍ സമ്പ്രദായം നിലനിര്‍ത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകള്‍ക്കും കോഴികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.