വെറും അഞ്ച് മിനിറ്റ് സമയം; പട്ടാപ്പകൽ തോക്ക് ചൂണ്ടി ബാങ്ക് കൊള്ള; 14 ലക്ഷം രൂപ അപഹരിച്ചു
ഗുജറാത്തിലെ സൂറത്തിൽ നടന്നത് പട്ടാപ്പകൽ ബാങ്ക് കവർച്ച. പ്രദേശത്തെ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’ ശാഖയിലാണ് രാജ്യത്തെ ഞെട്ടിച്ച കവർച്ച നടന്നത്. പട്ടാപ്പകൽ ബാങ്കിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം അഞ്ച് മിനിറ്റിനുള്ളിൽ 14 ലക്ഷം രൂപ കൊള്ളയടിച്ചു. പിന്നാലെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സിനിമാ രംഗം മാതൃകയിൽ ബാങ്ക് കവർച്ച നടന്നത്. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഹെൽമറ്റും മാസ്‌കും ധരിച്ചാണ് ബാങ്കിലേക്ക് കടന്നത്. കെട്ടിടത്തിൽ കയറിയ ശേഷം ജീവനക്കാർക്കും ബാങ്കിലെത്തിയ ഇടപാടുകാർക്കും നേരെ തോക്ക് ചൂണ്ടി. തുടർന്ന് കൗണ്ടറുകളിലെ പണം ബാഗിൽ നിറയ്ക്കാൻ ആവശ്യപ്പെട്ടു.
അതിനു ശേഷം എല്ലാവരെയും മറ്റൊരു മുറിയിലേക്ക് മാറ്റി. പിന്നീട് സംഘത്തിലൊരാൾ കൗണ്ടറുകളിലെ പണം ബാഗുകളിലാക്കി ബാങ്കിൽ നിന്ന് രക്ഷപ്പെടും. ബാങ്കിൽ കവർച്ച നടന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി നഗരത്തിലും സമീപ പ്രദേശങ്ങളിലും വാഹന തടയൽ പരിശോധനയും നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോൾ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.