മണിപ്പൂർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ
കോട്ടയം: മണിപ്പൂർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മണിപ്പൂരിൽ മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നം ആയി കാണുന്നില്ല. രണ്ട് വിഭാഗത്തിൽ പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. മണിപ്പൂർ പ്രശ്നത്തിൽ ഇതിനകം സഭ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഒരു ഗോത്ര വിഭാഗത്തിൽ ഏറെ ക്രിസ്ത്യാനികൾ ഉണ്ട്. അതേ സമയം മറുവിഭാഗവും കൊല്ലപ്പെടുന്നുണ്ട്. രണ്ട് വിഭാഗത്തോടും കലാപം നിർത്തണം എന്നാണ് പറയാൻ ഉളളത്. കലാപത്തിൽ സഭക്ക് ആശങ്ക ഉണ്ട്. സർക്കാർ പലതവണ ഇടപെട്ടു എന്ന് പറയുന്നു. എന്നാൽ ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം തീർന്നില്ല. എന്ത് കൊണ്ട് കലാപം നിർത്താൻ ആകുന്നില്ലെന്നും അദ്ദഹം ചോദിച്ചു.
കൂടുതൽ പട്ടാള സാന്നിധ്യം അവിടെ ഉണ്ടാകണം എന്ന് കരുതുന്നു. അതിനുള്ള ആർജവം കേന്ദ്രം കാണിക്കണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ട്. പല കലാപങ്ങളും പെട്ടെന്ന് തീർക്കാറുണ്ട്. ഇത്രയും നീണ്ടു പോകാൻ ഉള്ള കാരണം എന്താണ് എന്നത് ആശങ്ക ഉളവാക്കുന്നത് ആണ്. അവിടെ നഷ്ടം ഉണ്ടായത് ക്രിസ്ത്യാനികൾക്ക് മാത്രം അല്ല. അവിടെ നടന്നത് മത പീഡനം ആണെന്ന് കാണാൻ ആകില്ല. ഗോത്രങ്ങൾ തമ്മിലുള്ള കലാപത്തെ വർഗീയമായി ചിത്രീകരിക്കാമോ എന്നറിയില്ല. എങ്കിലും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികൾക്കാണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല.
പ്രധാനമന്ത്രി പ്രതികരിക്കേണ്ടത് ആണ്. വിദേശത്തു പോകുന്നതിനു മുൻപ് നേതാക്കൾ കാണാൻ ശ്രമിചെങ്കിലും നടന്നില്ല. പ്രധാനമന്ത്രിയുടെ മൗനം അത്ഭുതം. ഏകീകൃത സിവിൽ കോഡ് മതേതരത്വത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ പാടില്ല. അങ്ങനെ ഉണ്ടായാൽ ഭാരത സംസ്കാരത്തിന്റെ നാരായവേരിന് കത്തി വെക്കുന്നത്. ഏകീകൃത സിവിൽ കോഡ് പെട്ടെന്ന് ഉണ്ടാകാനുള്ളതല്ല. സർക്കാറിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആയിട്ടില്ല. കോടതി വിധിയുടെ അന്തസ്സത്തക്കുള്ളിൽ നിന്നുകൊണ്ടുള്ള വിട്ടുവീഴ്ചകൾക്ക് സഭ തയ്യാറാണെന്നായിരുന്നു സഭാ തർക്കത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.