ബഫര്‍സോണ്‍ വിഷയത്തില്‍ പ്രമേയം പസാക്കി ബത്തേരി നഗരസഭ
കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ പ്രമേയം പസാക്കി ബത്തേരി നഗരസഭ. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു.
ബഫര്‍സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടന്‍ ഉത്തരവ് ഇറങ്ങും.സെപ്റ്റംബര്‍ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബര്‍ 30 നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന്‍ ആയിരുന്നു നിര്‍ദേശം. ഉപഗ്രഹ സര്‍വേക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം നല്‍കുന്നത്.ജനങ്ങളുടെ സംശയനിവാരണത്തിനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സജ്ജമാക്കുന്ന ഹെല്‍പ് ഡെസ്കുകള്‍ അടുത്തയാഴ്ച പ്രവര്‍ത്തനം തുടങ്ങും.ഉപഗ്രഹ സര്‍വേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും കൃത്യത ഉറപ്പാക്കാനുമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ബഫര്‍സോണ്‍ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മിതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പെടും വിധം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ നടപടികള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണ്‍ ബഫര്‍ സോണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചാരണം നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. വിട്ടു പോയ നിര്‍മിതികളെ കുറിച്ച് വിവരം നല്‍കാനുള്ള സഹായം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭിക്കും. കൂടാതെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഏതെല്ലാം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു എന്ന വിവരം ഹെല്‍പ് ഡെസ്‌ക്കില്‍ നിന്ന് മനസിലാക്കാം