മോദിക്കെതിരായ ഡോക്യുമെന്ററി; മാനനഷ്ടകേസിൽ ബിബിസിയ്ക്കും വിക്കിപീഡിയയ്ക്കും സമൻസ്

single-img
3 May 2023

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് ഡൽഹിയിലെ രോഹിണി കോടതയുടെ സമൻസ്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്കും, ഇന്റർനെറ്റ് ആർക്കൈവിനും കോടതി സമൻസ് അയച്ചിട്ടുണ്ട്.

ആർഎസ്എസിനും വിഎച്ച്പിക്കുമെതിരായ ഈ ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്ന ഉള്ളടക്കം ദുരുദ്ദേശ്യത്തോടെ ചെയ്തതാണെന്നും, ഇരു സംഘടനകളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ഹരജിക്കാരൻ കോടതിയിൽ വാദിച്ചു. നിരോധിതമായ ഈ ഡോക്യുമെന്ററി വിക്കിപീഡിയയിലും അമേരിക്ക ആസ്ഥാനമായുള്ള ഡിജിറ്റൽ ലൈബ്രറിയിലും ഇപ്പോഴും ലഭ്യമാണെന്നും ഹർജിക്കാരൻ പറഞ്ഞു.

അടുത്ത 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കെതിരായ ബിബിസി ഡോക്യുമെന്ററിയോ, ആർഎസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഹർജി നൽകിയത്.