വിമർശനങ്ങൾക്ക് മറുപടിയുമായി ബിബിസി; ഡോക്യുമെന്ററി തയ്യാറാക്കിയത് വിശദമായ ഗവേഷണത്തിന് ശേഷം

single-img
20 January 2023

ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയെന്ന് വിശദീകരിക്കുന്ന ഡോക്യുമെന്ററിയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി.

ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെടുത്തതാണ്. ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്- ബിബിസി വിശദീകരിച്ചു.

വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിബിസി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള പരമ്പര യുട്യൂബ് പിൻവലിച്ചിരുന്നു. 2002 – ൽ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമർശനവും ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയിൽ മുന്നോട്ട് വെച്ചിരുന്നു. ഈ ഡോക്യുമെന്ററിയാണ് യുട്യൂബ് പിൻവലിച്ചത്.