പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും: അനിൽ കെ ആന്റണി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് കോൺഗ്രസ് മീഡിയ സെൽ മേധാവി അനിൽ കെ ആന്റണി. ബിജെപിയുടെ വാദങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പ്രസ്താവന ആദ്യമായാണ് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള ഒരാളിൽ നിന്നും പുറത്തുവരുന്നത്.
‘ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു, നമ്മുടെ രാജ്യത്തെ മുൻവിധിയോടെ മാത്രം കാണുന്നതും, ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്‌ട്രോയുടെ പരാമർശവും ഉൾപ്പെടുത്തിയ സ്റ്റേറ്റ് സ്‌പോൺസേർഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- അനിൽ കെ ആന്റണി ട്വീറ്റ് ചെയ്തു.
കേരളത്തിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് നിലപാടെടുത്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം.
മാത്രമല്ല, അനിൽ കെ ആന്റണിയുടെ ട്വിറ്ററിൽ ഇതുവരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നുംതന്നെ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിബിസി ഡോക്യൂമെന്ററിയെ പ്രതിരോധിക്കാൻ ബിജെപി ഉയർത്തുന്ന’ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കും’ എന്ന പ്രസ്താവന ഒരു മുതിർന്ന കോണ്ഗ്ര്സ് നേതാവിന്റെ മകൻകൂടിയായ അനിൽ ഏറ്റുപിടിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ ബിജെപിയിലേക്കുള്ള യാത്രയുടെ മുന്നൊരുക്കമായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.