ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രസർക്കാർ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി
രാജ്യത്തെ സോഷ്യൽ മീഡിയകളിൽ പ്രധാനമന്ത്രിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി വിലക്കിയതിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രിംകോടതി. കേന്ദ്രസർക്കാർ ഡോക്യുമെന്ററി വിലക്കിയതിന്റെ യഥാര്‍ത്ഥ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തി.
സുപ്രീം കോടതിയുടെ ജസ്റ്റിസ് സഞ്ജീവ് ഖന്നയും എം എം സുന്ദരേശും അടങ്ങിയ ബെഞ്ച് പ്രതികരണം അറിയിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം പി മൊഹുവ മൊയ്ത്ര എന്നിവര്‍ നല്‍കിയ ആദ്യ ഹര്‍ജിയിലും പിന്നീട് അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലുമാണ് സുപ്രിംകോടതി ഇടപെടല്‍.
ഇനി വിഷയത്തിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടി ലഭിച്ച ശേഷം ഏപ്രില്‍ മാസത്തിലാകും രണ്ട് ഹര്‍ജികളും കോടതി പരിഗണിക്കുക.