ജാമിയയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം: 70 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു: എസ്എഫ്ഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജ്‌റാത് കലാപത്തിലെ പങ്കിനെകുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്റെ പേരിൽ നാല് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ ഒത്തുകൂടിയ എഴുപതിലധികം വിദ്യാർത്ഥികളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി എസ്എഫ് ഐ അറിയിച്ചു.
എന്നാൽ പോലീസിൽ നിന്ന് ഉടൻ പ്രതികരണമുണ്ടായില്ല. വിദ്യാർഥികൾ തടിച്ചുകൂടിയിരുന്ന കാമ്പസിന് പുറത്ത് കനത്ത പൊലീസ് സേനാ വിന്യാസമാണ് കണ്ടത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ഗേറ്റിൽ വിന്യസിച്ചു. തടിച്ചുകൂടിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവച്ചതായി എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി സെക്രട്ടറി പ്രിതീഷ് മേനോൻ പറഞ്ഞു.
“ഞങ്ങൾ പ്രകടനം ആരംഭിക്കാനിരിക്കുകയായിരുന്നു, എന്നാൽ അതിനുമുമ്പ് അവരെ കസ്റ്റഡിയിലെടുത്തിരുന്നു. അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,” മേനോൻ പിടിഐയോട് പറഞ്ഞു. വൈകിട്ട് ആറിന് എംസിആർസി പുൽത്തകിടി ഗേറ്റ് എട്ടിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ച് ഇടതു പിന്തുണയുള്ള എസ്എഫ്ഐ ജാമിയ യൂണിറ്റ് പോസ്റ്റർ പുറത്തിറക്കി.
വിവാദ ഡോക്യുമെന്ററി കാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ പ്രഖ്യാപിച്ചതിന് പിന്നാലെ നാല് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് ബുധനാഴ്ച അറിയിച്ചു. സ്‌ക്രീനിംഗ് അനുവദിക്കില്ലെന്നും “സർവകലാശാലയുടെ സമാധാനപരമായ അക്കാദമിക് അന്തരീക്ഷം നശിപ്പിക്കാൻ നിക്ഷിപ്ത താൽപ്പര്യമുള്ള ആളുകളെയും സംഘടനകളെയും” തടയാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും സർവകലാശാലാ ഭരണകൂടം അറിയിച്ചു.