ബിസിസിഐ മുഖ്യ സെലക്ടർ പദവി ; അഗാര്‍ക്കറുടെ ശമ്പളം ഒരു കോടിയിൽ നിന്ന് 3 കോടി രൂപയായി വർദ്ധിപ്പിക്കും
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജിത് അഗാർക്കറെ ഇന്ന് ബിസിസിഐയുടെ സെലക്ഷൻ പാനൽ ചെയർമാനായി നിയമിച്ചു. രാജ്യത്തിന് വേണ്ടി കരിയറിൽ 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അഗാർക്കർ ലോകകപ്പ് ജേതാവ് കൂടിയാണ്.
2007-ൽ നടന്ന ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. വിരമിച്ച ശേഷം, മുംബൈ ടീമിന്റെ ചീഫ് സെലക്ടർ, ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) അസിസ്റ്റന്റ് കോച്ചും ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അഗാർക്കർ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ധാരാളം പ്രധാന ടൂർണമെന്റുകളിൽ കമന്ററി ജോലിയും അഗാർക്കർ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ശിവസുന്ദർ ദാസ്, സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത് എന്നിവരാണ് സെലക്ഷൻ പാനലിലെ മറ്റ് നാല് അംഗങ്ങൾ. കളിച്ച മത്സരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അഗാർക്കറെ പാനലിന്റെ ചെയർമാനായി തിരഞ്ഞെടുത്തതെന്ന് ബിസിസിഐ പരാമർശിച്ചു.
ഇപ്പോൾ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് പ്രതിവര്‍ഷം ഒരു കോടി രൂപയാണ് ബിസിസിഐ ശമ്പളമായി നല്‍കി വരുന്നത്. കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ക്കാവട്ടെ പ്രതിവര്‍ഷം 90 ലക്ഷം രൂപയും ശമ്പളമായി ലഭിക്കും.എന്നാല്‍ നിലവില്‍ ബിസിസിഐ നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നയാളാണ് അഗാര്‍ക്കര്‍. കാരണം, കമന്റേറ്ററുടെ റോളില്‍ സജീവമായ അദ്ദേഹം കോച്ചെന്ന നിലയിലും നല്ലൊരു പ്രതിഫലം കൈപ്പറ്റുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവില്‍ നല്‍കി വരുന്ന ശമ്പളം വര്‍ധിപ്പിക്കാനും ശമ്പളഘടന പുതുക്കാനും ബിസിസിഐ ആലോചിക്കുകയാണ്.
ഇതുപ്രകാരം ചീഫ് സെലക്ടർക്ക് പ്രതിവർഷം ഒരു കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ബിസിസിഐ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബിസിസിഐ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്താത്ത കാര്യമാണിത്. ബി.സി.സി.ഐ ഭാരവാഹികൾക്ക് ലഭിക്കുന്ന തുക ഒരിക്കലും പുറത്ത് വിടാറില്ല.