വിശ്വാസികൾ ആകാം അന്ധവിശ്വാസികൾ ആകരുത്; ടണലിൽ നിന്നും 41 തൊഴിലാളികളെ രക്ഷിച്ചത് ശാസ്ത്രം: സ്പീക്കർ എ എൻ ഷംസീർ


ആളുകൾ വിശ്വാസികൾ ആവാം അന്ധവിശ്വാസികൾ ആവരുതെന്ന് സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രമാണ് ശരിയെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും, ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട കാലമാണ് ഇപ്പോഴത്തേതെന്നും സ്കൂൾ ശാസ്ത്രോത്സവ വേദിയിൽ സംസാരിക്കവെ സ്പീക്കർ പറഞ്ഞു. ‘നിർഭാഗ്യവശാൽ ശാസ്ത്രം പ്രോത്സാഹിപ്പിക്കേണ്ടതിന് വിപരീതമാണ് സംഭവിക്കുന്നത്. ശാസ്ത്രം തെറ്റും മറ്റു ചിലതാണ് ശരിയെന്നും പ്രചരിപ്പിക്കപ്പെടുന്നു.
എന്നാൽ ശാസ്ത്രമാണ് ആത്യന്തികമായി സത്യം എന്ന് കാലം തെളിയിച്ചു. ശാസ്ത്ര ബോധം വളർത്തുവാൻ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. ശാസ്ത്രത്തിന് കൂടുതൽ പ്രാധാന്യം നൽകണം. വിശ്വാസികൾ ആകാം അന്ധവിശ്വാസികൾ ആകരുത്’, സ്പീക്കർ പറഞ്ഞു. അതേസമയം, മതപരമായ വിശ്വാസങ്ങൾക്ക് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ഒക്കെ ഉണ്ടായിട്ടും സമൂഹത്തിന്റെ മറ്റൊരു ഭാഗത്ത് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും, സിൽക്യാരയിൽ 41 തൊഴിലാളികളെ രക്ഷിച്ചത് ശാസ്ത്രത്തെ ഉപയോഗിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.