ഒന്നും ഉടുത്തില്ലെങ്കിലും മനോഹരം; മോശം പരമാർശത്തിൽ മാപ്പു പറഞ്ഞ് ബാബ രാംദേവ്


മുംബൈ: സ്ത്രീകളെക്കുറിച്ചു നടത്തിയ മോശത്തില്‍ മാപ്പപേക്ഷിക്കുന്നതായി യോഗ ഗുരു ബാബ രാംദേവ്. മഹാരാഷ്ട്രാ വനിതാ കമ്മിഷന്‍ അയച്ച നോട്ടീസിനു മറുപടിയായി നല്‍കിയ വിശദീകരണത്തിലാണ് മാപ്പപേക്ഷ.
എഴുപത്തിരണ്ടു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ കമ്മിഷന്‍ രാംദേവിനു നോട്ടീസ് നല്‍കിയിരുന്നത്. ഇതിനു മറുപടി ലഭിച്ചതായി കമ്മിഷന്‍ അധ്യക്ഷ രുപാലി ചകങ്കാര്‍ അറിയിച്ചു. പരാമര്‍ശം നടത്താന്‍ ഇടയായതില്‍ ഖേദമുണ്ടെന്നും മാപ്പപേക്ഷിക്കുന്നതായും രാംദേവ് വിശദീകരണത്തില്‍ പറഞ്ഞു. എന്നാല്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കിയെന്നും രാംദേവ് കുറ്റപ്പെടുത്തുന്നുണ്ട്.
നോട്ടീസിനു മറുപടി ലഭിച്ചെങ്കിലും ആരെങ്കിലും പരാതിയുമായി വന്നാല്‍ നടപടികളുമായി മുന്നോട്ടുപോവുമെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചു. വേണ്ടിവന്നാല്‍ പ്രസംഗത്തിന്റെ മുഴുവന്‍ വിഡിയോയും പരിശോധിക്കുമെന്നും ചകങ്കാര്‍ പറഞ്ഞു.
താനെയിലെ യോഗ ട്രെയിനിങ് ക്യാംപില്‍ ആയിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, സല്‍വാറിലും അവരെ കാണാന്‍ ഭംഗിയുണ്ട്, ഒന്നും ഉടുത്തില്ലെങ്കിലും മനോഹരം എന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍.