2014-ന് മുമ്പ് അഴിമതിയുടെയും കുംഭകോണങ്ങളുടെയും യുഗമായിരുന്നു; എന്നാൽ ഇപ്പോൾ ഓരോ പൈസയും പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ എത്തുന്നു: പ്രധാനമന്ത്രി


2014-ന് മുമ്പ് അഴിമതിയുടെയും കുംഭകോണങ്ങളുടെയും ഒരു യുഗമുണ്ടായിരുന്നതായും പാവപ്പെട്ടവരുടെ അവകാശങ്ങളും അവരുടെ പണവും കവർന്നെടുക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഓരോ ചില്ലിക്കാശും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്ത് നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ കാണിക്കുന്നു, ഇത് അവരുടെ പണം നല്ല രീതിയിൽ വിനിയോഗിക്കപ്പെടുന്നു എന്ന സർക്കാരിലുള്ള അവരുടെ വിശ്വാസത്തെ കാണിക്കുന്നു, മോദി പറഞ്ഞു. ഭോപ്പാലിലെ ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിയമിതരായ അധ്യാപകരുടെ പരിശീലന-ഓറിയന്റേഷൻ പ്രോഗ്രാമിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“അമൃത് കാലിന്റെ” ആദ്യ വർഷത്തിൽ തന്നെ പോസിറ്റീവ് വാർത്തകൾ വരാൻ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് വർദ്ധിച്ചുവരുന്ന അഭിവൃദ്ധിയും കുറയുന്ന ദാരിദ്ര്യവും കാണിക്കുന്നു. “അഞ്ച് വർഷത്തിനിടെ 13.5 കോടി ഇന്ത്യക്കാർ ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) വിഭാഗത്തിൽ നിന്ന് പുറത്ത് വന്നതായി നിതി ആയോഗ് റിപ്പോർട്ട് പറയുന്നു.
ആദായനികുതി റിട്ടേണുകളുടെ എണ്ണം കാണിക്കുന്നത് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 2014 ലെ 4 ലക്ഷത്തിൽ നിന്ന് 13 ലക്ഷമായി ഉയർന്നു, ”അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരിൽ നിന്ന് ഉയർന്ന വരുമാനത്തിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.