ബംഗളൂരു മെട്രോ അപകടം; 40% കമ്മീഷൻ വാങ്ങിയതിന്റെ ദുരന്തഫലം: ഡികെ ശിവകുമാർ
ബെംഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന മെട്രോ പില്ലർ തകർന്ന് രണ്ട് ജീവൻ നഷ്ട്ടപ്പെട്ടതിനു കാരണം ബിജെപി 40 ശതമാനം കമ്മീഷൻ വാങ്ങിയതിന്റെ ഫലമാണ് എന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.
ബംഗളൂരു മെട്രോയുടെ തൂൺ തകർന്നു വീണതിനെ തുടർന്ന് ഒരു സ്ത്രീയും പിഞ്ചുകുട്ടിയും ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയാണ് അപകടം. നിർമ്മാണത്തിലിരുന്ന നാൽപത് അടിയോളം ഉയരമുള്ള 218 നമ്പർ പില്ലറാണ് തകർന്ന് വീണത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് മുകളിലേക്ക് വലിയ ശബ്ദത്തിൽ തൂൺ തകർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ യുവതിയെയും കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മെട്രോ പില്ലറിനായി നിർമ്മാണം തുടർന്നിരുന്ന തൂണിന്റെ ഇരുമ്പ് കമ്പികളാണ് തകർന്ന് വീണതെന്നാണ് റിപ്പോർട്ട്. സമീപത്ത് കൂടി നിരവധി വാഹനങ്ങൾ കടന്ന് പോയിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.