ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

single-img
1 March 2024

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഫേയിൽ നടന്നത് ബോംബ് സ്ഫോടനമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കഫേയിൽ സ്ഫോടനം നടന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കഫെയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളിൽ വച്ചിരുന്നതായി പോലീസ് സിദ്ധരാമയ്യയോട് പറഞ്ഞു. കൂടാതെ കഫേയിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

കഫേയ്ക്കുള്ളിൽ ബാഗ് വെച്ചയാൾ ക്യാഷ് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തതായും കാഷ്യറെ ചോദ്യം ചെയ്തു വരികയാണെന്നും സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരിൽ ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം, സ്‌ഫോടനത്തിന് മുമ്പുള്ള സംഭവങ്ങൾ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.