രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര; നിബന്ധനകളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ


കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് നിബന്ധനകളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. വളരെകുറച്ചുമാത്രം ആളുകളെ ഉൾക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി. ഉദ്ഘാടനത്തിന് ആദ്യം സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഈ വരുന്ന ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്.
പാലസ് ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങിന് ആദ്യം എൻ ബിരേൻ സിംഗ് സർക്കാർ അനുമതി നിഷേധിച്ചെങ്കിലും മണികൂറുകൾക്കകം നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു. ചടങ്ങിൽ എത്ര ആളുകൾ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുൻകൂട്ടി അറിയിക്കണം. മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടിൽ അന്നേ ദിവസം ഉണ്ടെന്നും മറുപടിയിൽ പറയുന്നു.
അതേസമയം, രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് മണിപ്പൂർ സർക്കാർ യാത്രയെ എതിർക്കുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. അനുമതി നിഷേധിച്ചാലും പരിപാടി ഇംഫാലിൽ നിന്ന് മാറ്റില്ല എന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഗ്രസ് അറിയിച്ചു.