ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി; നാളെ സമാപന സമ്മേളനം
രാഹുല്‍ ഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. നാളെ ശ്രീനഗറിലാണ് സമാപന സമ്മേളനം. രാവിലെ പന്താചൗക്കില്‍ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കിലാണ് അവസാനിച്ചത്. രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവര്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയത്. 23 കക്ഷികളില്‍ 12 കക്ഷികളുടെ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല.
പതാക ഉയര്‍ത്തിയശേഷം ‘ഇന്ത്യയ്ക്ക് നല്‍കിയ വാഗ്ദാനം ഇന്ന് നിറവേറ്റി’യെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോല്‍ക്കും, സ്‌നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയില്‍ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.