രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്: ജയറാം രമേശ്
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി അല്ല ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നീ മൂന്ന് വലിയ വിഷയങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടുന്നതിൽ ഗാന്ധി വിജയിച്ചതായും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ വേണ്ടിയല്ല ഭാരത് ജോഡോ യാത്ര നടത്തിയത്. ഇതൊരു പ്രത്യയശാസ്ത്ര യാത്രയാണ്, ഗാന്ധി അതിന്റെ പ്രധാന മുഖമാണ്. എന്നാൽ ഇത് ഒരു വ്യക്തിയുടെ യാത്രയല്ല. കന്യാകുമാരി-കാശ്മീർ കാൽനട ജാഥ ഒരു തിരഞ്ഞെടുപ്പ് യാത്ര അല്ല- ജയറാം രമേശ് പറഞ്ഞു.
2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഗാന്ധിയെ പ്രധാനമന്ത്രിയുടെ മുഖമായി പ്രതിപക്ഷ പാർട്ടി ഉയർത്തിക്കാട്ടുകയാണോ എന്ന് ചോദിക്കുന്നത് അന്യായമാണ്. രാജ്യത്തിന്റെ ശ്രദ്ധ രാഹുൽ ഗാന്ധിയിലാണ് , കാരണം അദ്ദേഹം യാത്രയുടെ ഏറ്റവും ദൃശ്യവും പ്രമുഖവും ചലനാത്മകവുമായ മുഖമാണ്. എന്നാൽ ഇത് ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല, അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടിയല്ല ഈ യാത്ര എന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.