ഭാരത് ജോഡോ യാത്ര കോപ്പിയടി; പ്രചോദനമായിരിക്കുന്നത് മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചിന്റെ വന്‍ വിജയം

single-img
13 September 2022

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചിന്റെ കോപ്പിയടി.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഭരണം നടത്തിയ 2018- ല്‍ നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച്‌ മുംബൈയിലേക്കാണ് കര്‍ഷകര്‍ മാര്‍ച്ച്‌ നടത്തിയിരുന്നത്. സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തിലായിരുന്നു ഈ മാര്‍ച്ച്‌. ചെങ്കൊടി പിടിച്ച്‌ ചെങ്കടലായി ഒഴികി നീങ്ങിയ ആ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചോര പൊടിയുന്ന കാല്‍പാദങ്ങളുമായി സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള കര്‍ഷക സമൂഹം മഹാനഗരത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ നഗരവാസികള്‍ തെരുവിലേക്ക് ഇറങ്ങിയതും രാജ്യം കണ്ട വേറിട്ട കാഴ്ചയായിരുന്നു.

സി.പി.എമ്മിന് കാര്യമായ സ്വാധീനം ഇല്ലാത്ത മഹാരാഷ്ട്രയില്‍ സി.പി.എം കര്‍ഷക സംഘടന സംഘടിപ്പിച്ച മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് പങ്കെടുത്തിരുന്നത്. അധികാര കേന്ദ്രങ്ങളെ പിടിച്ചുലച്ച ഈ ഐതിഹാസിക സമരമാണ് പിന്നീട് ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനും പ്രചോദനമായിരുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ ആ പ്രക്ഷോഭത്തിന്റെ സംഘാടകരില്‍ പ്രധാനികളും കമ്യൂണിസ്റ്റുകളായിരുന്നു. മോദി സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയ പ്രക്ഷോഭമാണ് ഡല്‍ഹിയിലും കര്‍ഷക സംഘടനകള്‍ നടത്തിയിരുന്നത്.

പാര്‍ട്ടിക്കകത്തും പുറത്തും നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ‘പൊടിക്കൈകള്‍’ കൊണ്ട് കാര്യമില്ലന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി തന്നെയാണ് താന്‍ കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെ നടക്കാമെന്ന് നേതാക്കളെ അറിയിച്ചത്. ആദ്യം ധാരണയുണ്ടായിരുന്നത് വാഹന പര്യടനമായിരുന്നെങ്കിലും മുംബൈയിലെ കര്‍ഷക മാര്‍ച്ച്‌ മാതൃകയാക്കി പിന്നീട് തീരുമാനം മാറ്റുകയാണ് ഉണ്ടായത്. രാഹുല്‍ നടക്കാന്‍ റെഡി ആയപ്പോള്‍ മറ്റു നേതാക്കള്‍ക്കുള്‍പ്പടെ നടക്കേണ്ട ഗതികേടുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം. ആരോഗ്യ പ്രശ്‌നം പറഞ്ഞ് നടക്കാതെ മുങ്ങിയ നേതാക്കളും അനവധിയാണ്. ഇവര്‍ വാഹനത്തിലാണ് യാത്രയെ അനുഗമിക്കുന്നത്. രാഹുലിന്റെ യാത്ര, കര്‍ഷക മാര്‍ച്ചില്‍ നിന്നും, പ്രചോദനം ഉള്‍കൊണ്ടാണെങ്കിലും അതിന്റെ നടത്തിപ്പു രീതിയില്‍ പ്രകടമായ വ്യത്യാസമുണ്ട്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ പോലെ എ സി കണ്ടയ്‌നര്‍ താമസവും കൂടുതല്‍ സമയം വിശ്രമവും അനുഭവിച്ചല്ല മഹാരാഷ്ട്രയിലെ കര്‍ഷകരും നേതാക്കളും മാര്‍ച്ച്‌ നടത്തിയിരിക്കുന്നത്. അവര്‍ നേതാവെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ ടെന്റുകളിലും തറയിലും കിടന്നുറങ്ങിയും വഴിയരികില്‍ ഭക്ഷണം പാകം ചെയ്തുമാണ് ലക്ഷ്യസ്ഥാനത്തേക്ക് നടന്നിരുന്നത്. ഇടവേളകളില്ലാത്ത ഒരു യാത്രയായിരുന്നു അത്.

ജീവിതത്തിനും മരണത്തിനും ഇടയില്‍ പോരാടുന്ന ഒരു ജനതയാണ് ചെങ്കൊടി പിടിച്ച്‌ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് മാര്‍ച്ച്‌ നടത്തിയതെങ്കില്‍ ത്രിവര്‍ണ്ണ പതാക പിടിച്ച്‌ കന്യാകുമാരിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് മാര്‍ച്ച്‌ നടത്തുന്നവരുടെ പ്രധാന ഉദ്ദേശം സ്വന്തം പാര്‍ട്ടിയിലെ കുടുംബാധിപത്യം നിലനിര്‍ത്തുക എന്നതു മാത്രമാണ്. അതു കൊണ്ടാണ് 41,000 രൂപയുടെ ബര്‍ബറി ടീഷര്‍ട്ട് ധരിച്ച്‌ രാഹുല്‍ ഗാന്ധി ഈ യാത്രയെ നയിക്കുന്നത്. ഈ അജണ്ട മാത്രമാണ് മനസ്സിലുള്ളത് എന്നതിലാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാമെന്ന വാക്കും അദ്ദേഹം ഇപ്പോള്‍ അവഗണിച്ചിരിക്കുന്നത്.