ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ ; പുതിയ ലോ​ഗോയുമായി ബിഎസ്എൻഎൽ

single-img
22 October 2024

ബിഎസ്എൻഎൽ അതിന്റെ പുതിയ ലോഗോ പുറത്തിറക്കി. രാജ്യമെമ്പാടും 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ്, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ ഉൾപ്പെടെ പുതിയ ഏഴ് സേവനങ്ങൾ ബിഎസ്എൻഎൽ അവതരിപ്പിക്കുകയും ചെയ്തു .

അതേസമയം പുതിയ ലോ​ഗോയിൽ കണക്ടിങ് ഇന്ത്യ എന്നതിന് പകരം കണക്ടിങ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോ​ഗോ അവതരിപ്പിച്ചത്. പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയിൽ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു.

ഇതിനുപുറമെ ടെൽകോ വൈ-ഫൈ റോമിംഗാണ് മറ്റൊരു സവിശേഷമായ ഫീച്ചർ. ഇത് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും കണക്റ്റുചെയ്യാൻ പ്രാപ്‌തമാക്കുന്നു. എനി ടൈം സിം (എടിഎസ്) കിയോസ്കുകൾ ഉപയോഗിച്ച് പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങുന്നതും ബിഎസ്എൻഎൽ എളുപ്പമാക്കുന്നു. മൊബൈൾ ടവർ വഴിയടക്കമുള്ള നെറ്റ് വർക്കുകൾ തടസ്സപ്പെടുമ്പോൾ സാറ്റലൈറ്റ് വഴി സുഗമമായി മൊബൈൽ ഫോണുകളും സേവനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡി2ഡി സർവീസും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.

അതുപോലെ ദുരന്തനിവാരണത്തിനായി ഒറ്റത്തവണ പരിഹാര നെറ്റ്‌വർക്ക് സേവനവും ഖനന മേഖലയ്ക്ക് സുരക്ഷിതമായ 5ജി നെറ്റ്‌വർക്കും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. എയർടെൽ, ജിയോ, വി എന്നിവയുടെ താരിഫ് വർദ്ധനയ്ക്ക് ശേഷം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം 2025-ഓടെ രാജ്യത്തുടനീളം 4G വ്യാപനം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. പുറമെ 5ജി നെറ്റ്‌വർക്ക് എത്തിക്കാനും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. 4ജി നെറ്റ്‌വർക്ക് എത്തിച്ച് എട്ട് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കാനാണ് ശ്രമം.