പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കണം; പേര് മാറ്റിയില്ലെങ്കിൽ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേരിൽ നിന്നും ഭാരതം എന്ന വാക്ക് മാറ്റിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കണം എന്നാണ് ബോർഡിന്റെ നിര്‍ദേശം.
സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇന്ത്യൻ സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ പശ്ചാത്തലം . ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തര്‍ ആണ്.