പാലക്കാട് ആളുമാറി വൃദ്ധയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ഭാരതിയമ്മ


പാലക്കാട്: പാലക്കാട് ആളുമാറി വൃദ്ധയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ഭാരതിയമ്മ. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 1998 ൽ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് കുനിശ്ശേരി സ്വദേശി 84 കാരിയായ ഭാരതിയമ്മയെ ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതൽ നീണ്ട നാലു വർഷത്തെ നിയമ പോരാട്ടമാണ് താനല്ല കുറ്റക്കാരിയല്ലെന്ന് തെളിയിക്കാൻ ഭാരതിയമ്മ നടത്തിയത്.
ഒടുവിൽ സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാർത്ഥ പ്രതിയെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ച് ഏകയായി കഴിയുന്ന ഭാരതിയമ്മയ്ക്ക് കഴിഞ്ഞതൊക്കെ ഒരു പേടി സ്വപ്നമാണ്. താനല്ല പ്രതിയെന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് മുഖവിലക്കെടുക്കാത്തതിലുള്ള അപമാനഭാരം ആവോളം ഉണ്ടെന്ന് അവർ പറയുന്നു. അതു കൊണ്ട് തന്നെയാണ് വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും ഭാരതിയമ്മ വ്യക്തമാക്കി.
താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പറഞ്ഞു, തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ചെവികൊള്ളാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വയോധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി ഒരാൾക്കും ഈ ഗതി വരരുതേ എന്ന് മാത്രമാണ് ഈ അമ്മയുടെ പ്രാർത്ഥന. അതേസമയം ഒരേ മേൽവിലാസത്തിൽ നിരവധി വീടുകൾ ഉള്ളതുകൊണ്ട് സംഭവിച്ച പാളിച്ചയാണെന്ന വിശദീകരണത്തിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്.