ജനുവരി 22 ന് അയോധ്യയിൽ വരില്ല; ശ്രീരാമൻ സ്വപ്നത്തിൽ വന്ന് പറഞ്ഞതായി ബിഹാർ മന്ത്രി

single-img
15 January 2024

അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രതികരണവുമായി ബിഹാർ മന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. പ്രതിഷ്ഠ നടക്കുന്ന ദിവസമായ ജനുവരി 22 ന് താൻ അയോധ്യയിൽ വരില്ലെന്ന് ശ്രീരാമൻ സ്വപ്നത്തിൽ വന്ന് പറഞ്ഞതായാണ് അദ്ദേഹത്തിന്റെ അവകാശവാദം. ബിഹാറിലെ പട്നയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് തേജ് പ്രതാപ് യാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാത്രമല്ല, സ്വന്തം നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന പിശാചാണ് രാഷ്ട്രീയ സ്വയം സേവക് സംഘമെന്നും മന്ത്രി പറഞ്ഞു. ‘ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീ രാമനെ ഇവർ മറക്കും…ജനുവരി 22ന് ഭഗവാൻ വരണമെന്നത് നിർബന്ധമാണോ? രാജ്യത്തെ നാല് ശങ്കരാചാര്യരുടെ സ്വപ്നത്തിൽ രാമൻ പ്രത്യക്ഷപ്പെട്ടു. രാമൻ എന്റെ സ്വപ്നത്തിലും വന്നു, ജനുവരി 22 ന് താൻ അയോദ്ധ്യയിൽ വരില്ലെന്ന് പറഞ്ഞു’- അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആദിശങ്കരാചാര്യർ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മഠങ്ങളിലെ ഇപ്പോഴുള്ള മഠാധിപതിമാരായ നാല് ശങ്കരാചാര്യർ ചടങ്ങിൽ പങ്കെടുക്കാത്തതിനെ പരാമർശിക്കവെയായിരുന്നു മന്ത്രി വിചിത്ര പ്രസ്താവന നടത്തിയത്. എന്തായാലും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.