ബിജെപി വാദം പൊളിയുന്നു; പരോളിൽ കഴിയവേ ബിൽക്കിസ് ബാനോ കേസിലെ പ്രതി സ്ത്രീകളോട് അപമര്യാദയായി പെരുമാറി

single-img
19 October 2022

നല്ല നടപ്പു കാരണമാണ് ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ശിക്ഷ കാലാവധി പൂർത്തിയാക്കും മുന്നേ വിട്ടയച്ചത് എന്ന ബിജെപിയുടെ വാദം പൊളിയുന്നു. പരോളിൽ പുറത്തിറങ്ങിയ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ – രമേഷ് ചന്ദന (58), മിതേഷ് ഭട്ട് (57) എന്നിവർക്കെതിരെ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

2022 മെയ് 25 ന് മിതേഷിനെ നേരത്തെ വിട്ടയക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ ആണ് അന്നത്തെ ദഹോദ് എസ്പിയായിരുന്ന ബൽറാം മീണ, ദഹോദ് ജില്ലാ കളക്ടർ ഹർഷിത് ഗോസാവിക്ക് അയച്ച കത്തിൽ, മിതേഷിനെതിരെ രൺധിക്പൂർ പോലീസിൽ IPC 354 504 506 (2) തുടങ്ങിയ വകുപ്പുകളിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ട് നൽകിയത്. കൂടാതെ കീഴടങ്ങാൻ വൈകിയതിന് 2015ൽ ചന്ദനയ്‌ക്കെതിരെ ജയിൽ നിയമം 51 (എ), 51 (ബി) എന്നിവ പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മറ്റ് 10 പേരുടെ കാര്യത്തിൽ, പോലീസിനോട് എതിർപ്പുണ്ടോ എന്ന അഭിപ്രായങ്ങളൊന്നും തേടുന്നില്ല എന്നതും ശ്രദ്ധേയമാണ് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ബില്‍ക്കിസ് ബാനോ ബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷ പൂര്‍ത്തിയാകുന്നതിനു മുന്‍പ് മോചിപ്പിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി രംഗത്തെത്തി. 2002ലെ ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 11 പേരെയാണു വിട്ടയച്ചത്. പ്രതികള്‍ 14 വര്‍ഷവും അതിനുമുകളിലും ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍ വിട്ടയക്കാന്‍ തീരുമാനിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികളുടെ ജയിലിലെ പെരുമാറ്റം മികച്ചതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് മോചനമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിപിന്നാലെയാണ് പ്രൾഹാദ് ജോഷി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.