ബില്‍കിസ് ബാനു സിനിമയാക്കിയാൽ ഏറ്റെടുക്കാന്‍ ആരും തയാറല്ല: കങ്കണ
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കൂട്ടബലാത്സംഗവും കൂട്ടക്കൊലയും ചെയ്ത പ്രതികള്‍ക്ക് ശിക്ഷ നേടികൊടുക്കാന്‍ ബില്‍കിസ് ബാനുവിനായത്. ഇവരുടെ ജീവിതം സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയായ എക്‌സ് പോസ്റ്റിലൂടെയാണ് കങ്കണ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘സ്ത്രീശാക്തീകരണത്തോടുള്ള താങ്കളുടെ പാഷന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ബില്‍കിസ് ബാനുവിന്റെ കഥ ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ’ എന്ന് ഒരാള്‍ കങ്കണയോട് എക്‌സില്‍ ചോദിക്കുകയായിരുന്നു.
ഈ ചോദ്യത്തിന് മറുപടിയായാണ് ബില്‍കിസ് ബാനുവിന്റെ സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് റെഡിയാണെന്ന് കങ്കണ പറഞ്ഞത് . ”ആ കഥ എനിക്ക് ചെയ്യണം, 3 വര്‍ഷം റിസേര്‍ച്ച് ചെയ്ത് സ്‌ക്രിപ്റ്റ് റെഡിയാക്കിയിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സും ആമസോണും രാഷ്ട്രീയപേരിത സിനിമകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു.”
”ബിജെപിക്കാരി ആയതിനാല്‍ കങ്കണയ്‌ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ജിയോ സിനിമ വ്യക്തമാക്കിയിട്ടുണ്ട് . സീ ഗ്രൂപ്പാണെങ്കിൽ ഒരു ലയനത്തിലൂടെ കടന്നു പോവുകയാണ്. ഇനി എനിക്ക് എന്ത് ഓപ്ഷന്‍ ആണുള്ളത്?” – കങ്കണ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.