ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍; നിയമസഭ സമ്മേളനം ഡിസംബർ ആദ്യം
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഡിസംബറില്‍ നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
നിയമസര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലയുടെയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലറാകും എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെകുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി. മേനോന് കമീഷന്റെയും എന്‍.കെ. ജയകുമാര്‍ കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്.
ശ്യാം ബി. മേനോന് റിപ്പോര്‍ട്ടിലെ ശിപാര്‍ശ അനുസരിച്ച് ഓരോ സര്‍വകലാശാലക്കും പ്രത്യേകം ചാന്‍സലര്‍ വേണം. അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കണമെന്നാണ് ശിപാര്‍ശ. മുഖ്യമന്ത്രിയെ വിസിറ്റര്‍ ആക്കണമെന്നുമുണ്ട്. ജയകുമാര്‍ കമീഷന് റിപ്പോര്‍ട്ടില്‍ ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശിപാര്‍ശ.