ഗവർണറെ ചാന്‍സലർ സ്ഥാനത്തു നിന്നുമാറ്റാനുള്ള ബില്‍ ബുധനാഴ്ച; യു.ഡി.എഫിൽ ഭിന്നതയില്ലെന്ന് വി.ഡി സതീശൻ
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ ബുധനാഴ്ച പരിഗണിക്കാൻ കാര്യോപദേശകസമിതി തീരുമാനിച്ചു. മറ്റന്നാൾ തന്നെ സബ്‌ജക്ട് കമ്മിറ്റിക്ക് വിടും. അടുത്ത ആഴ്ച ബിൽ പാസാക്കാനാണ് നീക്കം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുക എന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട.
പുതിയ ബില് പ്രകാരം ചാൻസലറുടെ നിയമനം അഞ്ച് വർഷത്തേക്കാണെന്നാണ് ബില്ലിൽ പറയുന്നത്. കാലാവധി കഴിഞ്ഞാൽ ഒരു തവണ പുനർനിയമനം നൽകും. സർവകലാശാലയിലാകും ചാൻസലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാൻസലർ.
ബില്ല് അവതരിപ്പിച്ചാലും ഗവർണർ അംഗീകരിച്ചാൽ മാത്രമേ അത് നിയമമാകുകയുളളൂ. ബില്ല് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നൽകാനാണ് സാദ്ധ്യത.
അതേസമയം ഗവർണറെ ചാന്‍സലർ സ്ഥാനത്തു നിന്നുമാറ്റാനുള്ള ബില്ലിൻറെ കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നതയില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. മറ്റന്നാള്‍ ബില്ലെടുക്കുമ്പോള്‍ അത് മനസിലാകും എന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ കാര്യത്തിലും സർക്കാരിൻറെ കാര്യത്തിലും യു.ഡി.എഫിന് ഒറ്റ ശബ്ദമാണെന്നും, നിയമസഭയിലെ 41 എം.എൽ.എ മാരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും വിവിധ കക്ഷികളായതിനാൽ കൂടിയാലോചന നടത്തി തീരുമാനങ്ങള്‍ എടുക്കുമെന്നും സതീശൻ പറഞ്ഞു.