സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം ബിൽ; നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം.
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സാഹചര്യവുമുണ്ട്.
സഭാ സമ്മേളനം എന്ന് അവസാനിക്കും എന്നതില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. സഭാ സമ്മേളനം എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിയമസഭ ബില്‍ പാസ്സാക്കിയാലും അത് നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ബില്ലില്‍ ഒപ്പിടുന്നത് വൈകിയാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാകും സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.