മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും

single-img
31 December 2022

പത്തനംതിട്ട : വെണ്ണിക്കുളത്ത് മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും.

വൈകീട്ട് മൂന്ന് മണിക്ക് കല്ലൂപ്പാറ പൊതുശ്മശാന്തിലാണ് സംസ്ക്കാരം. മല്ലപ്പള്ളിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് തുരുത്തികാടുള്ള വീട്ടിലെത്തിക്കും. നാട്ടുകാരുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകള്‍ നടക്കുക.

മോക്ക്ഡ്രില്‍ നടത്തിപ്പില്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതര വീഴ്ചയാണ് ഒരു യുവാവിന്റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാന്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രില്‍ നടന്നത്. എന്‍ഡിആര്‍എഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോരിറ്റിയുടെ ചെയര്‍മാനായ ജില്ലാ കളക്ടറെ അറിയിച്ചില്ലെന്ന് കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനു സോമന്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നപ്പോള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നതില്‍ ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും തമ്മിലും ഏകോപനമുണ്ടായില്ല. മോക്ഡ്രില്‍ പദ്ധതി പ്രകാരം വെള്ളത്തില്‍ നിന്ന് മൂന്ന് പേരെ ഫയര്‍ഫോഴ്സും ഒരാളെ എന്‍ഡിആ‌ര്‍എഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം ഫയര്‍ഫോഴ്സ് നാല് പേരില്‍ മൂന്ന് പേരെ കരയ്ക്കെത്തിച്ചു. നാലാമനെ രക്ഷിക്കേണ്ടത് എന്‍ഡിആര്‍എഫ് എന്ന ധാരണയില്‍ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഈ സമയം ബിനു സോമന്‍ മണിമലയാറ്റിലെ കയത്തില്‍ വീണുകിടക്കുകയായിരുന്നു. നാട്ടുകാര്‍ ബഹളം വെയക്കുന്നത് കണ്ട് എന്‍ഡിആര്‍എഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും വൈകിയാണ് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ബോട്ടിറിക്കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. മോക്ക്ഡ്രില്ലില്‍ എന്‍ഡിആര്‍എഫും അഗ്നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച്‌ മറ്റ് വകുപ്പുകള്‍ക്കും ധാരണയുണ്ടായിരുന്നില്ല, ചുരുക്കത്തില്‍ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകള്‍ നിസാരവത്കരിച്ചു.

റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എന്‍ഡിആ‌ര്‍എഫ്, പൊലിസ് വകുപ്പുകള്‍ പലതും ചേര്‍ന്നാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. ബുധനാഴ്ച കല്ലൂപ്പാറ പഞ്ചായത്തില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അമ്ബാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രില്‍ നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് അമ്ബാട്ട്ഭാഗത്ത് നിന്ന് നാല് കിലോമീറ്റര്‍ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രില്‍ മാറ്റി നിശ്ചയിച്ചത്. എന്‍ഡിആര്‍എഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസില്‍ദാര്‍ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തില്‍ എന്‍ഡിആര്‍എഫ് അപകടത്തിന് ശേഷം കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം.