കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവർത്തക ശകുന്തളയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു


ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവർത്തക ശകുന്തളയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത്, സിദ്ധരാമയ്യയുടെ മരുമകൾക്കോ ഭാര്യക്കോ ഇങ്ങനെ സംഭവിച്ചാൽ ഇങ്ങനെ പറയുമോ എന്നതായിരുന്നു ബിജെപി പ്രവർത്തകയുടെ പോസ്റ്റ്. ഉഡുപ്പി കേസ് ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആരോപണം. മുഖ്യമന്ത്രിക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തൊട്ടുപിന്നാലെ പൊലീസ് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കർണാടകയിലെ ഉഡുപ്പിയിലെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ നിന്ന് മൂന്ന് വിദ്യാർത്ഥികൾ രഹസ്യമായി വീഡിയോ പകർത്തിയെന്നായിരുന്നു ആരോപണം. കഴിഞ്ഞയാഴ്ചയാണ് വിദ്യാർഥിനി ടോയ്‌ലറ്റിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്. സംഭവം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്. പരിശോധനയിൽ പൊലീസ് മൊബൈലിൽ നിന്ന് സംശയാസ്പദമായ സംഭവങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, കോളജ് അധികൃതർ സംഭവം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. കേസ് മൂടിവെക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപണം. കേസ് നിസാരമായിട്ടാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, ഫോൺ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസ് എൻഐഎയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രതിഷേധ റാലിയുടെ ഭാഗമായി ഉഡുപ്പിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കി, ബിജെപി ഓഫീസ് മുതൽ ഉഡുപ്പിയിലെ എസ്പി ഓഫീസ് വരെയാണ് റാലി സംഘടിപ്പിച്ചത്. ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സർക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ മുദ്രാവാക്യം മുഴക്കി.