തോൽവി ഭയന്ന് വർഗീയ കാർഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നത്: അഖിലേഷ് യാദവ്
ഇന്ത്യയുടെ സ്വത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ കുടിയേറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ വിവാദ പരാമർശത്തിനെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് വർഗീയ കാർഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്നും ജനാധിപത്യ ബോധമുള്ള ഇന്ത്യൻ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്ക് ഇപ്പോൾ നൽകുന്ന റേഷൻ മാത്രമല്ല, പോഷക സമൃദ്ധ ഭക്ഷ്യവസ്തുക്കളും ലഭ്യമാകുമെന്നും അഖിലേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി അലിഗഢിലെയും ഹത്രാസിലെയും ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അഖിലേഷ് നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി എത്തിയത്.