ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം: പ്രധാനമന്ത്രി

single-img
16 March 2024

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം എന്ന് ദേഹം പറഞ്ഞു.

അവസാന 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി സോഷ്യൽ മീഡിയയായ എക്‌സില്‍ കുറിച്ചു. ”പത്ത് വർഷങ്ങൾക്ക് മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു.

എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്” അദ്ദേഹം എക്‌സില്‍ കുറിച്ചു.

”സത്യസന്ധവും ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുള്ള ഒരു സര്‍ക്കാരിന് എത്രമാത്രം ചെയ്യാന്‍ കഴിയുമെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ആളുകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്- അബ് കി ബാര്‍, 400 പാര്‍! എന്ന്” മോദി കൂട്ടിച്ചേര്‍ത്തു.