മോദി ഏകാധിപതി; ബിജെപിയും ആർഎസ്എസും വിഷം പോലെ, രുചിക്കാൻ നോക്കിയാൽ മരണം ഉറപ്പ് : മല്ലികാർജുൻ ഖർഗെ

single-img
31 March 2024

ഡൽഹിയിൽ നടന്ന പ്രതിപക്ഷ ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് . പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്നും ബിജെപിയും ആർഎസ്എസും വിഷം പോലെയാണ് , രുചിക്കാൻ നോക്കിയാൽ മരണം ഉറപ്പാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ നമ്മുടെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണം. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ എന്നോട് പ്രചാരണത്തേക്കുറിച്ച് ചോദിച്ചു. പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ പണം കളവുപോയെന്ന് മറുപടി നൽകി.

നിലവിൽ കോൺഗ്രസിന് 3500 കോടിയിലധികം ഇൻകം ടാക്സ് ബാധ്യതയാണ് കേന്ദ്രം അടിച്ചേൽപിച്ചത്. ഇത്രയധികം വലിയ ബാധ്യത പാർട്ടിയെ വലിഞ്ഞു മുറുക്കിയിരിക്കുന്നുവെന്നും ഖർഗെ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ്, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറൻ, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മന്ത്രി അതിഷി മർലേന, സിപിഐഎം സെക്രട്ടറി ജനറല്‍ സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള കോൺഗ്രസിലെ നേതാക്കൾ റാലിയിൽ പങ്കെടുത്തു.