കനയ്യ കുമാറിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപി; ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂ ഉസ്മാന്‍പുരിലെ എഎപി ഓഫീസില്‍ നിന്നും കനയ്യകുമാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങുമ്പോള്‍ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ എതിര്‍സ്ഥാനാര്‍ത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണ് അക്രമികള്‍ എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. അക്രമകാരികൾ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏഴോ എട്ടോ പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ ഹാരമണിയിക്കാനെത്തുകയും തുടര്‍ന്ന് മഷി എറിയുകയും മര്‍ദിക്കുകയുമായിരുന്നു.
ആം ആദ്മിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇക്കുറി ദില്ലി നോര്‍ത്ത് ഈസ്റ്റില്‍ കനയ്യ കുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് എംപി മനോജ് തിവാരിയാണ് എതിര്‍സ്ഥാനാര്‍ത്ഥി. അക്രമ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ വിഡിയോ ദൃശ്യങ്ങളിൽ കാണുന്ന അക്രമകാരികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയുമായ മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തെളിവിനായി തിവാരിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം കോണ്‍ഗ്രസ് സോഷ്യൽ മീഡിയയായ എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.