ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ല; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ
ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ. കോണ്‍ഗ്രസ് 16 സീറ്റുകളിലും യുഡിഎഫ് ഘടക കക്ഷികള്‍ നാല് സീറ്റുകള്‍ സ്വന്തമാക്കുമെന്നും സർവേ പറയുന്നു.
അതേസമയം , വളരെ ശക്തരായ എതിരാളിയാകാന്‍ എല്‍ഡിഎഫിന് കഴിയുമെങ്കിലും ഒരു സീറ്റില്‍ പോലും ഇടതുപക്ഷം വിജയിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്നും പ്രവചനമുണ്ട്. യുഡിഎഫ് 44.5 ശതമാനം വോട്ട് ഷെയര്‍ നേടും.
ഇടതുമുന്നണിക്ക് 31.4 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 19.8 ശതമാനം വോട്ടുകള്‍ ലഭിക്കും. 4.3 ശതമാനം വോട്ട് ഷെയര്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ദേശീയ നേതാവായ രാഹുൽ ഗാന്ധി വയനാട്ടില്‍ ഇത്തവണും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നും സര്‍വ്വെ പറയുന്നു.