വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം ബിജെപി നേതാക്കൾ ഒരുമിച്ച് ഒരുവേദിയിൽ
വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന ലത്തീൻ അതിരൂപതയുടെ നേതിര്ത്വത്തിലുള്ള സമര സമര സമിതിക്കെതിരെ ആക്ഷൻ കൗൺസിലിന്റെ ലോംഗ് മാർച്ചിൽ കൈകോർത്ത് ബിജെപിയും സിപിഎമ്മും. സിപിഎമ്മിനുവേണ്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.വി രാജേഷുമാണ് സെക്രട്ടറിയേറ്റ് പടിക്കൽ ഒരുമിച്ച് ഒരുവേദിയിൽ പങ്കെടുത്തത്.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് എതിരായ സമരങ്ങളെ സിപിഎം പിന്തുണയ്‌ക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞപ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുളള പദ്ധതിയാണെന്ന് വി.വി രാജേഷ് അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലങ്ങളായി ആലോചിച്ചും ചർച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും ലോംഗ് മാർച്ചിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിനായുളള ബഹുജന കൂട്ടായ്‌മ വളർത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്‌മ കൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊലീസിന് നേരെ സമരക്കാർ അക്രമപ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചു.
വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതിയുണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തെ സമരത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് അപായകരമായ നീക്കമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സമരസമിതിക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.