തൃശ്ശൂരില്‍ കോടിക്കണക്കിന് രൂപ ബിജെപി പലരീതിയില്‍ വിതരണം ചെയ്തു: വി എസ് സുനില്‍ കുമാര്‍

single-img
12 July 2024

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപിയുടെ വിജയത്തിന് പിന്നില്‍ വലിയ കൃത്രിമം നടന്നതായി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍. കോടിക്കണക്കിന് രൂപ ബിജെപി പലരീതിയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പഴയതുപോലെ പണം വീടുകളില്‍ പോയി വിതരണം ചെയ്യേണ്ടതില്ലല്ലോയെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

‘ബിജെപി സ്വന്തമാക്കിയ വിജയത്തിന് രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല തൃശ്ശൂരിലുള്ളത്. വലിയ തോതില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാട്ടിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ബിജെപി പലരീതിയില്‍ കോളനികളില്‍ ഉള്‍പ്പെടെ വിതരണം ചെയ്തിട്ടുണ്ട്. ശിവപുരം കോളനിയില്‍ പണം വിതരണം ചെയ്തത് മാധ്യമ വാര്‍ത്തയായിരുന്നു.

പഴയകാലത്തെ പോലെ പണം വീട്ടില്‍ക്കൊണ്ടുകൊടുക്കേണ്ട സാഹചര്യം ഇല്ലല്ലോ. ഗൂഗിള്‍ പേ ഉള്‍പ്പെടെ പലരീതിയിലാണ് പണം വിതരണം ചെയ്തത്. കരുവന്നൂര്‍ വിഷയത്തില്‍ അടക്കം പൊളിറ്റിക്കല്‍ മാനിപ്പുലേഷനും ബിജെപി നടത്തി.’ സുനില്‍ കുമാര്‍ ആരോപിച്ചു.

ഇതോടൊപ്പം ബിജെപി എംപി സുരേഷ് ഗോപിയെ പ്രശംസിച്ചതടക്കം തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് സ്വീകരിച്ച നിലപാടിനെ വി എസ് സുനില്‍ കുമാര്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ വഞ്ചനാപരമായ നിലപാടാണ് എം കെ വര്‍ഗ്ഗീസ് സ്വീകരിച്ചതെന്നും ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം എന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ഇടതുമുന്നണിയുടെ മേയര്‍ ആയിരുന്നുകൊണ്ട് ബിജെപിയെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെയും പ്രശംസിക്കുന്ന രീതിയോടുള്ള പ്രതികരണം തേടിയപ്പോഴാണ് സുനില്‍ കുമാര്‍ അതൃപ്തി പരസ്യമാക്കിയത്. അതേസമയം, ജില്ലയില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ വ്യക്തിയെ മേയര്‍ സ്വീകരിക്കുന്നതും നല്ലവാക്ക് പറയുന്നതും ആതിഥ്യമര്യാദയുടെ ഭാഗമായി തന്നെ കാണണം. അങ്ങനെ കാണുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേർത്തു.