കർണാടകയിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാരിയും കോഴിയും നൽകി ബിജെപി; പ്രതിഷേധവുമായി സ്ത്രീകൾ
കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാരിയും കോഴിയും നൽകിയ ബിജെപിക്കെതിരെ സ്ത്രീകൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു . മാണ്ഡ്യ കെ ആർ പേട്ടിൽ നിന്നുള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗജ്ജിഗെരെ ഗ്രാമത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ നാരായണ ഗൗഡയുടെ അനുയായികൾ വോട്ടർമാരെ സ്വാധീനിക്കാനായി വീടുകളിലെത്തി സാരിയും കോഴിയും വിതരണം ചെയ്തിരുന്നു. എന്നാൽ, വോട്ടെടുപ്പ് ദിവസം സ്ത്രീകൾ നാരായണ ഗൗഡയുമായി അടുത്ത ബന്ധമുള്ള പ്രാദേശിക ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സാരിയും കോഴിയും വലിച്ചെറിഞ്ഞ് ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു.
സംഭവത്തിൽ നാരായണ ഗൗഡയോ ബിജെപി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2018-ൽ ജെ.ഡി.എസ് സ്ഥാനാർത്ഥിയായി കെ ആർ പേട്ടിൽ നിന്ന് ജയിച്ച നാരായണഗൗഡ ഓപ്പറേഷൻ കമലയിലൂടെ ബി.ജെ.പിയിലെത്തിയ എംഎൽഎമാരിലൊരാളാണ്. തുടർന്ന് 2019-ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ക്കായി മത്സരിച്ച് വിജയിച്ച് കായിക മന്ത്രിയായിരുന്നു. 2013 മുതൽ നാരായണഗൗഡയാണ് കെ.ആർ. പേട്ട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.