ബിജെപി സർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് വെറുപ്പിന്റെയും അക്രമത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്രയുടെ പഞ്ചാബിലെ അവസാന ദിനത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് സ്കീം എന്നിവയ്‌ക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം നടത്തി.
ബിജെപി ഭയം സൃഷ്ടിക്കുന്നു. അവരുടെ എല്ലാ നയങ്ങളും ഒരാളെ അല്ലെങ്കിൽ മറ്റൊരാളെ ഭയപ്പെടുത്തുന്നു. ഞങ്ങൾ ശ്രമിക്കുന്നത് ഭയം തുടച്ചുനീക്കാനാണ്. അവരുടെ നയങ്ങൾ നോക്കൂ — കർഷകർ പുലർച്ചെ 4 മണിക്ക് എഴുന്നേറ്റു, അവർ ദിവസവും കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന് ഭക്ഷണം നൽകുകയും ചെയ്യുന്നു. കർഷകർ തിരിച്ചൊന്നും വേണ്ട, അവർക്ക് വേണ്ടത് ബഹുമാനം മാത്രമാണ്. എന്നാൽ ബിജെപി അവർക്കായി എന്താണ് ചെയ്തത് – അവർ ‘കരി നിയമങ്ങൾ കൊണ്ടുവന്നു. ഈ നിയമങ്ങൾ കർഷകരിൽ ഭയം സൃഷ്ടിച്ചു- രാഹുൽ ഗാന്ധി പറഞ്ഞു.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് അവസാന പാദത്തിൽ ജമ്മു കശ്മീരിലേക്ക് നീങ്ങുന്ന യാത്ര വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വിദ്വേഷത്തിനും എതിരെ ആരംഭിച്ചതാണെന്നും രാജ്യത്തെ ജനങ്ങളെ ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.