കര്‍ണാടകയില്‍ ബിജെപിക്ക് തുടര്‍ ഭരണത്തിന് നൂറ് ശതമാനം സാധ്യത: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
കര്‍ണാടകയില്‍ ബിജെപിക്ക് യാതൊരു ശക്തിക്ഷയവും ഇല്ലെന്നും അഴിമതി ആരോപണങ്ങളും നേതാക്കള്‍ വിട്ടുപോയതുമൊന്നും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതോടൊപ്പം തന്നെ, അഴിമതിക്കാരായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കര്‍ണാടകയില്‍ ബിജെപിക്ക് തുടര്‍ ഭരണത്തിന് നൂറ് ശതമാനം സാധ്യതയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഴിമതിക്കാരായ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും തള്ളിക്കളഞ്ഞവരാണ് കര്‍ണാടകയിലെ ജനങ്ങള്‍. അതുകൊണ്ടുതന്നെ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ ഭരണത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ചവരോട് മുഖ്യമന്ത്രി കേസ് കൊടുക്കാന്‍ പറഞ്ഞിരുന്നതാണെന്നും എന്നാൽ ഇതുവരെ ആരും കേസ് കൊടുത്തിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. 2018ല്‍ ഒരു മാറ്റം വേണമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ തീരുമാനിച്ചു. ഇത്തവണയും ബിജെപിക്ക് കേവല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.