യൂത്ത് കോൺഗ്രസിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി
വ്യാജ വോട്ടർ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയതായി ആരോപിച്ച് കേരളത്തിലെ യൂത്ത് കോൺഗ്രസിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിനാണ് ബിജെപി പരാതി നൽകിയത്. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
സീറോ ക്രെഡിബിലിറ്റിാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും ഷാഫി വിമർശിച്ചു. സുതാര്യമായിട്ടാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു.