12 മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ രണ്ടു പാർട്ടികളെ പിളർത്തിയ ബിജെപി

single-img
3 July 2023

മഹാരാഷ്ട്രയില്‍ ബിജെപി അതിന്റെ തന്ത്രം പുറത്തെടുത്തപ്പോൾ ബാധിച്ചത് സംസ്ഥാനത്തെ രണ്ട് ശക്തരായ പാര്‍ട്ടികളെയാണ്. വെറും ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് പ്രധാന പാര്‍ട്ടികളിലുമുണ്ടായ പിളർപ്പ് നേതൃത്വസ്ഥാനം സംബന്ധിച്ച ചര്‍ച്ചകളെ അനിശ്ചിതത്ത്വത്തിലാക്കി. ശിവസേന, എന്‍സിപി പാർട്ടികളെ പിളർത്തി നിയമസഭയിലെ അംഗബലം കൂടി തങ്ങള്‍ക്ക് അനുകൂലമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രധാന ശക്തികളായി ബിജെപി മാറിയിരിക്കുകയാണ്.

2019ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് 161 സീറ്റുകളാണ് നേടിയത്. പക്ഷെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇവര്‍ക്കായില്ല. ശിവസേനയുടെ നേതാവായ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിലായി.

ഉദ്ദവിന്റെ ആവശ്യത്തിന് മുന്നില്‍ ബിജെപി വഴങ്ങിയില്ല. തുടര്‍ന്ന് ഉദ്ദവിന്റെ നേതൃത്വത്തിലുള്ള ശിവസേന സഖ്യമുപേക്ഷിച്ച് പുറത്തുപോകുകയും ചെയ്തു. 288 നിയമസഭാ സീറ്റാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. വിശ്വാസ വോട്ട് നേടാന്‍ 145 സീറ്റ് ആവശ്യമാണ്. തുടര്‍ന്ന് 2019ൽ അജിത് പവാറിനെ കൂടെ നിർത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചു.

ഇതിന്റെ ഭാഗമായി ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയായും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായും നിയമിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് എന്‍സിപി എംഎല്‍എമാരുടെ പിന്തുണ നേടാന്‍ ഈ സഖ്യത്തിനായില്ല. ഇതോടെ ഫട്‌നാവിസിന് മുഖ്യമന്ത്രി കസേരയില്‍ നിന്നും പടിയിറങ്ങേണ്ടി വന്നു. കേവലം 80 മണിക്കൂര്‍ മാത്രമാണ് ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.

അതിനുശേഷം എന്‍സിപി മുതിര്‍ന്ന നേതാവ് ശരദ് പവാറിന്റെ നിര്‍ദ്ദേശത്തിന് കീഴില്‍ ഒരു അസാധാരണ സഖ്യം രൂപപ്പെട്ടു. ബിജെപിയുമായി വര്‍ഷങ്ങളായി സഖ്യത്തില്‍ പ്രവര്‍ത്തിച്ച ശിവസേന നേതാവ് ഉദ്ദവ് താക്കറെ താന്‍ ഇനി മതേതര രാഷ്ട്രീയമാണ് പിന്തുടരുകയെന്ന് പ്രഖ്യാപിച്ച് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ചേരുകയായിരുന്നു.

മഹാ വികാസ് അഘാടി സഖ്യമെന്നാണ് ഈ കൂട്ടുക്കെട്ട് അറിയപ്പെട്ടത്. 2019 നവംബര്‍ 28ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഇവര്‍ അധികാരത്തിലെത്തുകയും ചെയ്തു. 169 അംഗങ്ങളുടെ പിന്തുണയോടെയാണ് ഉദ്ദവ് സഖ്യം അധികാരമുറപ്പിച്ചത്. ഇതിൽ പക്ഷെ, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 40 അംഗങ്ങള്‍ സഖ്യം വിട്ടു. ഈ വിഭജനത്തെ ഇരുകൈയ്യും നീട്ടിയാണ് ബിജെപി സ്വീകരിച്ചത്. ഇത് 31 മാസം നീണ്ട ഉദ്ദവ് താക്കറെ ഭരണത്തെ താഴെയിറക്കുകയും ചെയ്തു. പിന്നീട് നടന്ന കോടതി നടപടികള്‍ക്ക് ഒടുവില്‍ 2022 ജൂണ്‍ 29ന് ഉദ്ദവ് താക്കറെ രാജിവെച്ചു.

ഉദ്ദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയ എന്‍ഡിഎ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. 2022 ജൂലൈ നാലിന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഈ സഖ്യം വിജയിച്ചു. തുടര്‍ന്ന് ബിജെപി-സേന സഖ്യത്തില്‍ നിന്ന് മാറാന്‍ ഉദ്ദവ് തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ബിജെപിയുടെ രണ്ടാമത്തെ വെല്ലുവിളിയായിരുന്നു അജിത് പവാര്‍. 2019ൽ അവസരം നഷ്ടപ്പെട്ടെങ്കിലും ബിജെപി അങ്ങനെയൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അന്ന് അജിത് പവാറിന് എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് 29 എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ച് നല്‍കിയ കത്തിന്റെ പിന്‍ബലം അദ്ദേഹത്തിന് ഉണ്ട്. എന്‍സിപി നേതാക്കളായ ചഗ്ഗന്ഡ ഭുജ്ബാല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ എന്നിവരും അക്കൂട്ടത്തിലുണ്ട്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്തിനോടൊപ്പം എട്ട് എന്‍സിപി എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

എന്തായാലും എന്‍സിപിയിലെ ആഭ്യന്തര കലാപം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. ശരദ് പവാര്‍-അജിത് പവാര്‍ തര്‍ക്കം മുറുകുകയാണ്. ആരാണ് പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കുക എന്ന തര്‍ക്കമാണ് പാര്‍ട്ടിയില്‍ സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ഒപ്പം ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍ പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാന്‍ പാടുപെടുകയായിരുന്നു.

നിലവിൽ മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരുമായി അജിത് സഖ്യം സ്ഥാപിച്ചതോടെ നിയമസഭയില്‍ അവരുടെ സീറ്റുകള്‍ 200 കവിഞ്ഞു. 40 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ അജിത് പവാര്‍ അവകാശപ്പെട്ടതോടെ എംവിഎയുടെ (മഹാ വികാസ് അഘാടി) സീറ്റ് 74 ലേക്ക് ചുരുങ്ങിയിട്ടുണ്ട്.