ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണ് ചെയ്തത്: കെ സുധാകരൻ

single-img
9 April 2023

പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതും കേരളത്തിലുള്ള ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കൾ നടത്തിയ സന്ദർശനവും വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

രാജ്യമാകെ സംഘപരിവാർ ക്രൈസ്തവർക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ തുടരുമ്പോൾ ഇത്തരം നാടകങ്ങൾ തെരഞ്ഞെടുപ്പ് സ്‌പെഷലായി മാത്രമേ കാണാൻ സാധിക്കൂ. യഥാർത്ഥത്തിൽ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യപ്പെട്ടപ്പോൾ റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിക്കുമെന്നാണ് കരുതിയത്.

കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ ആത്മാർത്ഥയോടെ അഭിസംബോധന ചെയ്യുന്നതിനു പകരം അവരുടെ നിസഹായവസ്ഥയെ ചൂഷണം ചെയ്ത് വ്യാജവാഗ്ദാനങ്ങളും മോഹനസ്വപ്‌നങ്ങളും നല്കി വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെ സുധാകരൻ പറയുന്നു.

ക്രൈസ്തവർക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഇനി തുടരില്ലെന്ന ഉറപ്പെങ്കിലും അവർ നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു. കേരളത്തിന്റെ അയൽസംസ്ഥാനമായ കർണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നു ആക്രോശിച്ചതിനെ അപലപിക്കാൻ പോലും പ്രധാനമന്ത്രിക്കോ കേരളത്തിലെ ബിജെപി നേതാക്കൾക്കോ കഴിഞ്ഞില്ലെന്നും സുധാകരൻ പറഞ്ഞു.