തുടര്‍ച്ചയായി ഏഴാം തവണയും ഗുജറാത്തില്‍ അധികാരമുറപ്പിച്ച് ബിജെപി
അഹമ്മദാബാദ്: തുടര്‍ച്ചയായി ഏഴാം തവണയും ഗുജറാത്തില്‍ അധികാരമുറപ്പിച്ച് ബിജെപി. 1967 ല്‍ മൂന്നാം നിയമസഭയില്‍ വെറും ഒരു സീറ്റ് നേടിയാണ് ആര്‍എസ്‌എസിന്‍റെ അന്നത്തെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനസംഘ് സാന്നിധ്യം ഉറപ്പിച്ചത്.
പിന്നീട് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭാരതീയ ജനസംഘിന് പ്രാധിനിത്യമുണ്ടായിരുന്നു. 1980 -ലാണ് സംസ്ഥാന ഭരണത്തില്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി സാന്നിധ്യമറിയിക്കുന്നത്. അന്നത്തെ ആറാം നിയമസഭയില്‍ 182 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് നേടാനായത് വെറും 9 സീറ്റ്. പിന്നീടിങ്ങോട്ട് ബിജെപി ഓരോ അടിവച്ച് മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.
1985 ല്‍ ഏഴാം നിയമസഭയില്‍ ബിജെപി നിലയല്‍പ്പം മെച്ചപ്പെടുത്തി, 11 സീറ്റ് നേടി. എന്നാല്‍ തുടര്‍ന്നുള്ള വെറും അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സംസ്ഥാനത്തെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നു. 1990 ല്‍ സംസ്ഥാനത്ത് എട്ടാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ ബിജെപി സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളിലൊന്നായി സാന്നിധ്യമറിയിച്ചു. 182 നിയമസഭാ മണ്ഡലങ്ങളില്‍ 67 ഉം ബിജെപി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ആറ് തവണയും സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ആദ്യമായി മൂന്നാം സ്ഥാനത്തായി. ജനതാദള്‍ സംസ്ഥാനത്ത് ആദ്യമായി 70 സീറ്റ് നേടി അധികാരത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു 1990. തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍, 1995 ല്‍ ബിജെപി ചരിത്രത്തിലാദ്യമായി ഗുജറാത്തിന്‍റെ അധികാരം കൈയാളി. ഒമ്ബതാം നിയമസഭയില്‍ 182 ല്‍ 121 സീറ്റും പിടിച്ചെടുത്താണ് ബിജെപി സംസ്ഥാനത്തിന്‍റെ അധികാരത്തിലെത്തിയത്. 1940 മുതല്‍ ആര്‍എസ്‌എസ് സഹയാത്രികനായിരുന്ന കേശുഭായി പട്ടേലിന്‍റെ നേതൃത്വത്തിലായിരുന്നു ബിജെപി അധികാരം ഉറപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോഴും കേശുഭായി പട്ടേലിന്‍റെ നേതൃത്വത്തിലായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും 117 സീറ്റുമായി അധികാരം നിലനിര്‍ത്തിയതും.
2001 ല്‍ കേശുഭായി പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി നരേന്ദ്ര മോദി ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. 2002 ല്‍ സംസ്ഥാനം പതിനൊന്നാമത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നേട്ടവുമായി ബിജെപി മൂന്നാമതും അധികാരം നിലനിര്‍ത്തി. മാത്രമല്ല 1967 ന് ശേഷം ആദ്യമായി സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ഗുജറാത്ത് കണ്ട ഏറ്റവും ക്രൂരമായ കലാപത്തിന് ( ഫെബ്രുവരി 27 ) പിന്നാലെ നടന്നെ തെരഞ്ഞെടുപ്പില്‍ (ജൂലൈ) സംസ്ഥാനത്ത് അതുവരെ ബിജെപിക്ക് ലഭിച്ചിരുന്നതില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയാണ് (127 സീറ്റ്) ബിജെപി അധികാരം ഉറപ്പിച്ചത്. തുടര്‍ന്ന് 2007 ല്‍ പന്ത്രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം (117 സീറ്റ്) നിലനിര്‍ത്തി. 2012 ല്‍ പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിലും 115 സീറ്റ് നേടി ബിജെപി അധികാരത്തില്‍ തുടര്‍ന്നു. പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി 100 താഴെ സീറ്റ് (99 സീറ്റ്) ലഭിച്ചെങ്കിലും ആറാം തവണയും അധികാരം നിലനിര്‍ത്തി. ഒടുവില്‍ 2022 ല്‍ പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുകയാണ്. ഏഴാം തവണയും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നേട്ടത്തിലേക്കാണ് ബിജെപി നടന്നു കയറുന്നതെന്ന് അവസാനവട്ട തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചന നല്‍കുന്നു.