രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടർ; പെൺകുട്ടികൾക്ക് സ്കൂട്ടർ; പ്രകടന പത്രികയുമായി ത്രിപുരയിൽ ബിജെപി
ഉടൻ നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസ്ഥാന മുഖ്യമന്ത്രി മണിക് സാഹയ്‌ക്കൊപ്പമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ പെൺകുഞ്ഞുങ്ങൾ ഉള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ സ്കൂട്ടർ, പി എം ഉജ്ജ്വല യോജന വഴി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ സമരങ്ങൾക്കും കലാപങ്ങൾക്കും പേരുകേട്ട സംസ്ഥാനമായ ത്രിപുര ഇപ്പോൾ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനും പേരുകേട്ടതാണെന്ന് തന്റെ സംഭാഷണത്തിൽ ജെപി നദ്ദ പറഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ 13 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ടെന്നും, ഇതിലൂടെ 107 കോടി രൂപ സെറ്റിൽമെന്റായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ദീർഘകാലം ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.